ADMIN OPTIONS

വെളിച്ചമായി കവിതയും റേഡിയോയും
''ശ്രാവണ തിങ്കളുണര്‍ന്നു മനസ്സില്‍
സാന്ത്വന പൂക്കളുണര്‍ന്നു ;
ഹൃദയത്തിന്‍ കിളിവാതില്‍ അറിയാതെ തുറന്നു
ഹൃദയേശ്വരി നിന്നെ സ്വീകരിക്കാന്‍..'' ഉള്‍ക്കണ്ണില്‍ ഉറഞ്ഞുകൂടുന്നതെല്ലാം വരികളാക്കുന്ന ഷാജിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്; കാഴ്ച ഒരിക്കല്‍ തിരിച്ചുകിട്ടുമെന്ന്. തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് കാഴ്ചയും ശരീരാവയവങ്ങള്‍ക്ക് സ്വാധീനവും നഷ്ടമായ ഷാജി ജീവിതത്തില്‍ തളര്‍ന്നില്ല. റേഡിയോ നെഞ്ചോട് ചേര്‍ത്തു. എഴുത്തും സംഗീതവും വേദനയെ മറക്കാനുള്ള വേദാന്തമാക്കി. പരസഹായത്തോടെ പന്ത്രണ്ടോളം കവിതകള്‍ കടലാസില്‍ കുറിച്ചിട്ടു. പ്രതീക്ഷ എന്ന കവിത റേഡിയോ സുഹൃത്തായ ആര്‍കെവി കൂത്താളി ലളിതസംഗീതത്തില്‍ ചിട്ടപ്പെടുത്തി. ആകാശവാണി കോഴിക്കോട് നിലയം അവതാരകന്‍ ആര്‍കെ (ആര്‍ കനകാംബരന്‍) പാടി.
പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടി പനക്കല്‍ ആര്യന്‍മണി നാടി - ജാനകി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മുപ്പത്തിനാലുകാരനായ പി ഷാജി. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴുണ്ടായ തലവേദനയായിരുന്നു അസുഖത്തിന്റെ തുടക്കം. ആദ്യം മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അസുഖം വഷളായി കണ്ണില്‍ നിന്ന് തലച്ചോറിലേക്കുള്ള ഞരമ്പില്‍ നെല്ലിക്കയോളം വലുപ്പത്തില്‍ നീരുവന്നു. ഇതുമൂലം ഞരമ്പ് ചതഞ്ഞ് രക്തപ്രവാഹം തടസ്സപ്പെട്ടു. തുടര്‍ന്ന് തലച്ചോറ് മുതല്‍ വയര്‍ വരെ ഞരമ്പ് മാറ്റി ട്യൂബിട്ടു.
രണ്ടുവര്‍ഷത്തിനുശേഷം അപ്സമാരം ബാധിച്ചു. 1994ല്‍ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ ശസ്ത്രക്രിയയിലുടെ ട്യൂബ് എടുത്ത് മാറ്റി. അതോടെ ശരീരം തളര്‍ന്നു. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലെന്ന സ്ഥിതിയായി. കാഴ്ച നഷ്ടപ്പെട്ടിട്ട് ആറുവര്‍ഷമായി. ഇപ്പോള്‍ ലൈറ്റിട്ടാല്‍ നേരിയതോതില്‍ വെളിച്ചമറിയാം. ശസ്ത്രക്രിയക്കും ചികിത്സക്കുമായി ഇതുവരെ രണ്ടു ലക്ഷത്തോളം രൂപ ചെലവായി.
രോഗിയാണെന്ന ചിന്ത വരാതിരിക്കാന്‍ നല്ല മാര്‍ഗം കവിതയാണെന്ന് ഷാജി പറയുന്നു. അയല്‍വാസികളായ കുട്ടികളെക്കൊണ്ടാണ് എഴുതിക്കുന്നത്.
ഓര്‍മകളില്‍ തപ്പിത്തടഞ്ഞു ഞാന്‍
ചെന്നെത്തി വിളറുന്ന ജീവന്റെ തെളിവുകള്‍ കാണുവാന്‍
''സന്ധ്യകള്‍ വിടപറയുമീ പകല്‍ സന്ധ്യയില്‍
സായുജ്യം തേടുന്നു വിസ്മയ സീമയില്‍...''എന്നെഴുതുമ്പോഴും ഷാജിക്ക് നിരാശയില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കാനും മലപ്പുറം കോട്ടക്കുന്ന് കാണാനും ഏറെ ആഗ്രഹമുണ്ട്. ഒന്നെഴുന്നേല്‍ക്കാന്‍ പോലും ഏറെ പാടുപെടുന്ന ഷാജിക്ക് അതിനാവില്ലെന്നറിയാം. അതുകൊണ്ടാണ് ബാല്യകാലത്ത് ഓടിനടന്ന ഷാജി കവിതകളില്‍ ഓര്‍മകളുടെ വസന്തം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതും കുറിച്ചിട്ടതും.
''ദുഃഖങ്ങള്‍ക്കൊരു ചിതയൊരുക്കി
എന്റെ മോഹങ്ങളെല്ലാം അതിലൊഴുക്കി...''
വേദനയുടെ നിമിഷങ്ങളില്‍ റേഡിയോയും ഷാജിക്ക് തുണയേകുന്നു.
അമ്പതോളം ആകാശവാണി ശ്രോതാക്കളുമായും അവതാരകരുമായും കത്തുകളിലൂടെയും ഫോണുകളിലൂടെയും നിരന്തരം സൌഹൃദം പുലര്‍ത്തുന്നുണ്ട്. മറ്റുള്ള പാട്ടുപകരണങ്ങളോ സീഡിയോ പോലെയല്ല റേഡിയോ; അതെനിക്ക് ജീവനാണ്- ഷാജി പറഞ്ഞു.



